---
title: "അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് ; 15 പ്രതികളും കുറ്റക്കാർ, ശിക്ഷാ വിധി തിങ്കളാഴ്ച*"
english_title: "Adv. Ranjith Srinivasan murder case; All 15 accused guilty, sentencing on Monday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/178179/Adv. Ranjith Srinivasan murder case; All 15 accused guilty, sentencing on Monday"
published_at: "2024-01-20T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab69f45ef25_IMG-20240120-WA0032.jpg"
keywords: []
---

# അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് ; 15 പ്രതികളും കുറ്റക്കാർ, ശിക്ഷാ വിധി തിങ്കളാഴ്ച*

> **Lead Summary:**  ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

## Article Content

 ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഇതില്‍ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരായകൊലക്കുറ്റവും തെളിഞ്ഞു. തിങ്കളാഴ്ചയായിരിക്കും പ്രതികളുടെ ശിക്ഷ സംബന്ധിച്ച വിധി പ്രസ്താവിക്കുക.

ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.

13, 14, 15 പ്രതികള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഡാലോചന കേസും തെളിഞ്ഞു. കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വിവിധ കേസുകളാണ് ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.

1,2,7 പ്രതികള്‍ക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിന് ചുമത്തിയ കേസും തെളിഞ്ഞു. 2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്.

ഇവര്‍ 15 പേരും കുറ്റക്കാരാണെന്നാണ് കോടതിയിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/178179/Adv. Ranjith Srinivasan murder case; All 15 accused guilty, sentencing on Monday)